കൊച്ചി: കേരള കത്തോലിക്കാ സഭ പ്രകൃതി സംരക്ഷണത്തിന് പുതിയ പദ്ധതി തയ്യാറാക്കുന്നു. ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ലോകസമാധാനദിന സന്ദേശത്തെ മുറുകെപിടിച്ചുകൊണ്‍ടാണ് പരിസ്ഥിത സംരക്ഷണത്തിന് നൂതന പദ്ധതികളുമായി സഭ മുന്നിട്ടിറങ്ങുന്നത്.
ഇതിനായി കെസിബിസി വിദഗ്‌ദ സമിതിയെ നിയോഗിച്ചിരുന്നു. കേരളത്തില്‍ ഒരു പരിസ്ഥിതി സൗഹൃദ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സമിതി ആസൂത്രണം ചെയ്യുന്നത്. ഈ വിദഗ്‌ധ സമിതിയില്‍ നിന്ന് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരും ശാസ്‌ത്രഞ്‌ജരും സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതിവാദികളും ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയില്‍ നിന്നു മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായി സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇവര്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ കെസിബിസിയുടെ ജൂണ്‍ സെഷനില്‍ ചര്‍ച്ചയ്‌ക്ക് വയ്‌ക്കും. പരിസ്ഥിത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കെസിബിസി പ്രത്യേക കമ്മീഷനെയും നിയോഗിക്കും.
പരിസ്ഥിതിക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളെയും ഇന്ത്യന്‍ പരിസ്ഥിതി സംഘടന, പരിസ്ഥിതി വനം മന്ത്രാലയം, പരിസ്ഥിത വികസന നേതൃത്വ പരിശീലന സമിതി തുടങ്ങിയവയുമായും വിവിധ പരിസ്ഥിത ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ളവയുമായും കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഭ ആലോചിക്കുന്നുണ്‍ട്.
29 രൂപതകളെയും അതിനു കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളെയും കോളേജുകളെയും കെസിബിസിയുടെ 18 കമ്മീഷനുകളും 10 ഡിപ്പാര്‍ട്ട്‌മെന്റുകളും സംയുക്തമായി ഇതര മതസ്ഥരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.