ഭുവനേശ്വര്‍ : 2008 ല്‍ ക്രൈസ്‌തവര്‍ക്കെതിരെ ആക്രമം നടന്ന ഒറീസയിലെ കന്ദമാല്‍ ജില്ലയും പരിസര പ്രദേശങ്ങളും സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ നയതന്ത്രജ്ഞരടക്കമുള്ള പ്രതിനിധി സംഘത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്‌ച പ്രതിനിധി സംഘം ബിജു പങ്കജ് എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഹങ്കറി, പോളണ്ട്, അയര്‍ലാന്‍ഡ്, ഇറ്റലി, നെതര്‍ലാന്റ്, ബ്രിട്ടന്‍, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പന്ത്രണ്ടംഗ സംഘമാണ് എത്തിയത്.
2008 ലെ കലാപത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മാറിയവര്‍ കഴിയുന്ന ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാണ് യുറോപ്യന്‍ സംഘം എത്തിയത്. എന്നാല്‍ സംഘത്തിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരെ പ്രാദേശിക ഭരണാധികാരികളും പോലീസും ചേര്‍ന്ന് ക്യാമ്പില്‍ നിന്ന് ഒഴിപ്പിച്ചതായി അറിയുന്നു.
യൂറോപ്യന്‍ സംഘത്തിന് ഒറീസ സന്ദര്‍ശനം നടത്തുന്നതിന് ഒറീസ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഒരു വിദേശ സംഘത്തിന് അനുമതി നിഷേധിച്ചിരുന്നു.
ഇന്‍ഡ്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ വിദേശ പ്രതിനിധികള്‍ ഇടപെടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം കലാപവുമായി ബന്ധപ്പെട്ട് നഷ്‌ടപ്പെട്ട ഇന്‍ഡ്യയുടെ വിശ്വാസ്യത വീണ്ടെടുക്കന്‍ ഉപകരിക്കുമെന്ന് ക്രൈസ്‌തവ നേതാക്കള്‍ പ്രതികരിച്ചു.
സംഘം വ്യാഴാഴ്‌ച കന്ദമാല്‍ സന്ദര്‍ശിച്ചു. അക്രമത്തിനിരയായവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്‌ട്രീയ നേതാക്കളുമായും സംഘം കൂടിക്കാഴ്‌ച നടത്തി.