കോട്ടയം: മലയാള ഭാഷയുടെ ചൈതന്യവും സൗന്ദര്യവും മലയാളിക്ക് അഭിമാനമാണ്. എന്നാല്‍ മലയാള ഭാഷയ്‌ക്ക് ലിപിയും വ്യാകരണവും നിഘണ്‍ടുവും ഒക്കെ രൂപപ്പെടുത്തി മലയാളത്തെ മലയാളമാക്കി നമ്മുടെ കൈയില്‍ നല്‍കിയത് വിദേശമിഷണറിമാരാണ്. ഇതിലൂടെ അറിവിന്റെയും സംസ്‌കാരത്തിന്റെയും പുത്തന്‍ വാതിലുകള്‍ മലയാളിക്കു മുന്നില്‍ തുറക്കുകയായിരുന്നു.
ഫോട്ടോ-- കോട്ടയം മുന്‍സിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ബെഞ്ചമിന്‍ ബെയ്‌ലിയുടെ പ്രതിമ -ദിജിഎംന്യൂസ്
മലയാണ്മയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി ഈ ഭാഷയുടെ അനന്തസാധ്യതതകള്‍ കണ്ടറിഞ്ഞ പ്രമുഖ മിഷണറിയായിരുന്നു ബെഞ്ചമിന്‍ ബെയ്‌ലി. മലയാളിക്ക് മലയാളത്തെ മറക്കാന്‍ കഴിയില്ലെങ്കില്‍ ഈ മഹത്‌വ്യക്തിയെയും മറക്കാന്‍ കഴിയില്ല. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ബെഞ്ചമിന്‍ ബെയ്‌ലിയെ അറിയുന്നവര്‍ മലയാളക്കരയില്‍ തുലോം കുറവേയുള്ളൂ.
1816 നവംബറില്‍ ആണ് മിഷന്‍ പ്രവര്‍ത്തനവുമായി ബെഞ്ചമിന്‍ ബെയ്‌ലി കേരളത്തലെത്തുന്നത്. മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെത്തിയ തന്റെ പഴയ സഹാപാഠിയും സിഎംഎസ് മിഷണറിയുമായ തോസ് നോര്‍ട്ടന്‍ കേരളത്തെയും മലയാളത്തെയും അദ്ദഹത്തിന് പരിചയപ്പെടുത്തി. ചില മാസങ്ങള്‍ക്കുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മലയാള ഭാഷ ഹൃദിസ്ഥമാക്കിയ ഇദ്ദേഹം വേദപുസ്‌തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക എന്ന ശ്രമകരമായ ദൗത്യം കര്‍ത്താവ് തന്നില്‍ എല്‍പ്പിച്ചിരിക്കുന്നു എന്നു മനസ്സിലാക്കുവാന്‍ തുടങ്ങി. മലയാള ഭാഷയക്ക് വ്യാകരണ ഗ്രന്ഥങ്ങളോ നിഘണ്‍ടുവോ മികച്ച അദ്ധ്യാപകരോ ഒന്നും തന്നെ ഇക്കാലയളവില്‍ ഇല്ലായിരുന്നുവെങ്കിലും ചുരുക്കം ചില വര്‍ഷങ്ങള്‍ക്കൊണ്‍ടുതന്നെ അദ്ദേഹം മലയാള ഭാഷയില്‍ പാണ്‌ഡിത്യം നേടി. എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധം നല്ല മലയാളത്തില്‍ ബൈബിള്‍ പരിഭാഷപ്പെടുത്തുവാന്‍ ബെയില് തീരുമാനിച്ചു.
ബൈബിള്‍ വെളിച്ചംപകര്‍ന്ന ഇംഗ്ലണ്ടില്‍നിന്നും മലയാളക്കരയില്‍ എത്തിച്ചേര്‍ന്ന ബെയ്‌ലിക്ക്, ബൈബിള്‍ ലഭിച്ചാല്‍ മലയാളിക്കു സംഭവിക്കാന്‍ പോകുന്ന വിപ്ലവകരമായ മാറ്റത്തെ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിഞ്ഞതിന്റെയും യേശുക്രിസ്‌തുവിനോടുള്ള സ്‌നേഹത്തിന്റെയും പ്രതിഫലനമായിരുന്നു ഇവയൊക്കെ.
ആദ്യമായി ബൈബിള്‍ ഹീബ്രുവില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്യുവാന്‍ തുടങ്ങി. അതിനായി കൊച്ചിയില്‍ നിന്നുള്ള യഹൂദ പണ്‌ഡിതനായ ഈശാരഫതിയെയും ഭാരതീയ ഭാഷകളുടെ അടിത്തറയായ സംസ്‌കൃത ഭാഷയില്‍ പാണ്‌ഡിത്യമുള്ള വൈദ്യനായ അയ്യരെയും മലയാളഭാഷാ പണ്‌ഡിതനായ ചന്തുമേനോനെയും ഈ ആവശ്യത്തിനായി കണ്‍ടു. വേദപുസ്‌തക പരിഭാഷയില്‍ ബെയ്‌ലി തന്റെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തതോടെ ഇവര്‍ക്ക് ഉല്‍സാഹമായി. ഈ മൂവരെയും ബെയ്‌ലി അവരുടെ ജോലിക്കായി നിയമിച്ചു. തമിഴ്, ഇംഗ്ലീഷ്, സുറിയാനി എന്നീ മൂലഭാഷകള്‍ ചേര്‍ത്ത് പഠിച്ച് തെറ്റുകൂടാതെയും വിശുദ്ധമായും പരിഭാഷ നിര്‍വ്വഹിക്കുക എന്നതായിരുന്നു ബെയ്‌ലിയുടെ ഉദ്ദേശം.
ആരംഭ സമയത്ത് സാമ്പത്തിക തടസ്സങ്ങള്‍ ഉണ്‍ടായിരുന്നുവെങ്കിലും മദ്രാസ് ബൈബിള്‍ സൊസൈറ്റി മാസം നൂറ് രൂപ വീതം ഗ്രാന്റു നല്‍കിയിരുന്നു. ആദ്യമായി പരിഭാഷപ്പെടുത്തിയ പുതിയ നിയമത്തിന്റെ ഭാഗങ്ങള്‍ അച്ചടിക്കുവാന്‍ ഉത്സാഹം ഉണ്‍ടായിരുന്നുവെങ്കിലും ഒരു പ്രസ്സ് ഉണ്‍ടായിരുന്നില്ല. ബൈബിള്‍ അച്ചടിക്കാന്‍ പ്രസ് ഇല്ല എന്നതും ഒരു വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. ഒരു വിഞ്‌ജാനകോശത്തില്‍ നിന്നും അച്ചടി നിര്‍മ്മാണം മനസ്സിലാക്കിയ അദ്ദേഹം ഒരു ആശാരിയുടെ സഹായത്തോടെ 1820ല്‍ സ്വന്തമായി അച്ചടിയന്ത്രം നിര്‍മ്മിച്ചു. തന്റെ പരിശ്രമത്തില്‍ വിജയിച്ചു.
ബൈബിളിലെ തര്‍ജ്ജമ ചെയ്യുന്ന ഭാഗങ്ങള്‍ മദ്രാസ്സില്‍ ബൈബിള്‍ സൊസൈറ്റിക്ക് അയച്ചുകൊടുത്ത് അവരുടെ അംഗീകാരം നേടി. ഒടുവില്‍ 1829-ഓടുകൂടി പുതിയ നിയമത്തിന്റെ 5000 (അയ്യായിരം) കോപ്പികളും 1841ല്‍ പൂര്‍ണ്ണ വേദപുസ്‌തകവും പ്രസിദ്ധീകരിച്ചു.
ഇന്ന് ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന "സത്യവേദപുസ്‌തകം" ഇതാണ്. പിന്നീട് ധാരാളം പരിഭാഷകര്‍ മലയാളത്തിലേക്ക് ദൈവവചനത്തെ എത്തിച്ചുവെങ്കിലും സത്യവേദപുസ്‌തകത്തിന്റെ സ്വാധീനതയ്‌ക്ക് മങ്ങലേറ്റിട്ടില്ല.
ബെയിലി സ്ഥാപിച്ച അച്ചടിശാല വളര്‍ന്നു വന്നതാണ് ഇന്നുള്ള സി.എം.എസ്സ് പ്രസ്സ്. തിരുവനന്തപുരത്ത് ഗവണ്‍മെന്റ് പ്രസ്സ് നിര്‍മ്മിച്ച സ്വാതിതിരുനാള്‍ മഹാരാജാവ് പല പ്രാവശ്യം ബെയ്‌ലിയുടെ അച്ചടിശാല സന്ദര്‍ശിച്ചിരുന്നു. തിരുവിതാംകൂറില്‍ ഗവണ്‍മെന്റ് വക പാഠപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചതും ഇവിടെനിന്നാണ്. ബെയിലി തന്റെ അച്ചടിശാലയില്‍ നിന്നും ധാരാളം സുവിശേഷ ഭാഗങ്ങളും ട്രാക്‌റ്റുകളും അച്ചടിച്ച് വിതരണം ചെയ്‌തു.
1846ല്‍ മലായാളം ഇംഗ്ലീഷ് നിഘണ്‍ടുവും ബെയ്‌ലി പുറത്തിറക്കി. 1850 വരെ മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബെയ്‌ലി അക്ഷരത്തിലൂടെ അനേക ആത്മാക്കളെ കര്‍ത്താവിന്റെ പക്ഷത്തുകൊണ്‍ടുവന്നു. കേരളത്തിലെ മിഷണറി പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മലയാള ഭാഷയ്‌ക്ക ലിപിയും, നിഘണ്‍ടുവും, അച്ചടിയന്ത്രവുമൊക്കെ സംഭാവന ചെയ്‌ത് ഇംഗ്ലണ്‍ടിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹത്തിന് 60 വയസ്സായിരുന്നു. ജീവിതത്തിന്റെ നല്ല ഭാഗം മുഴുവനും കേരളത്തിന്റെ ജനങ്ങള്‍ക്ക് വേണ്‍ടിയാണ് അക്ഷരസ്‌നേഹിയായ ഈ മിഷനറി ചെലവഴിച്ചത്.
ഇംഗ്ലണ്‍ടില്‍ തിരികെയെത്തിയ ബെയ്‌ലി 20 വര്‍ഷം സഭാ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടു. 1871ല്‍ തന്റെ 80-ാം വയസ്സില്‍ അക്ഷരങ്ങളുടെ ലോകത്തുനിന്നും ആത്മാവിന്റെ ലോകത്തിലേക്ക് അദ്ദേഹം യാത്രയായി.
കേരളത്തിലെ പുരാതന ക്രൈസ്‌തവ സഭകളോട് കൈകോര്‍ത്ത് മിഷണറി പ്രവര്‍ത്തനം നടത്തുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് യേശുക്രിസ്‌തുവിന്റെ സ്‌നേഹമാണ്. നൂറ്റാണ്‍ടുകളുടെ പാരമ്പര്യം പറയുന്ന ക്രിസ്‌ത്യാനികള്‍ക്ക് ചെയ്യുവാന്‍ കഴിയാതെ പോയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്‍ട് ചെയ്‌തു കാണിച്ചു കൊടുക്കുവാന്‍ ബെഞ്ചമിന്‍ ബെയ്‌ലിക്കു സാധിച്ചു. മലയാളിയും കേരള ക്രൈസ്‌തവ സഭകളും അദ്ദേഹത്തെ മറന്നേക്കാം. എന്നാല്‍, ജീവന്റെ വചനം മലയാളിക്ക് പകര്‍ന്നു നല്‍കിയ ആ വിനീതദാസനെ ദിവ്യരക്ഷകന്‍ മറക്കുമോ? അതെ, ബെഞ്ചമിന്‍ ബെയ്‌ലി -മലയാളത്തിന് പകരംവയ്‌ക്കാനില്ലാത്ത നാമം!