ബാംഗ്‌ളൂര്‍ : വിദേശത്തുനിന്നു വരുന്ന മക്കളെ കാണാനുള്ള ആഗ്രഹവും വിമാനത്തില്‍ പറക്കുവാനുള്ള മോഹവുമായ് ജനുവരി 18ന് കൊല്ലത്ത് നിന്ന് മുംബെയ്‌ക്ക് ട്രെയിനില്‍ കയറിയ 82-കാരനെ നാലാം ദിവസം അവശ നിലയില്‍ ഗോവ ബീച്ചില്‍ കണ്‍ടെത്തി. കൊല്ലം-ചെങ്കോട്ട ടിപിഎം സഭയുടെ ആദ്യകാല വിശ്വാസിയും തെന്മലയ്‌ക്കടുത്ത് ഒറ്റക്കല്ലിലെ തടത്തില്‍ പുത്തന്‍വീട്ടില്‍ സി.പി. മത്തായിയെയാണ് മൂംബൈയ്‌ക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായത്.
തെന്‍മലയിലും പരിസരത്തും സുവിശേഷ സത്യങ്ങള്‍ വിളംബരം ചെയ്യുവാന്‍ ആരംഭകാലം മുതല്‍ തീക്ഷണതയോടെ നിലനിന്ന വ്യക്തിയാണ് മത്തായി അപ്പച്ചന്‍. മക്കള്‍ അഞ്ച് പേര്‍ വിദേശത്ത്. വിദേശത്തുള്ള മൂത്ത രണ്‍ടു മക്കളും ഇക്കുറി മുംബൈയിലുള്ള ബന്ധുവിന്റെ വീട്ടില്‍ വന്നിട്ട് മടങ്ങിവരുവാനുള്ള പരിപാടിയായിരുന്നു. അതിനായ് വിദേശത്തുള്ള മക്കള്‍ എത്തിച്ചേരും മുമ്പ് അപ്പച്ചനെ മുംബൈയില്‍ എത്തിക്കുവാനായ് അകന്ന ബന്ധുവായ ഷിനുവിനെയും കൂട്ടി കൊല്ലത്തുനിന്ന് ഗരീബ്‌രഥ് ട്രെയിനില്‍ യാത്ര പുറപ്പെടുകയായിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ ഷിനു ഉറക്കമുണര്‍ന്നപ്പോള്‍ അപ്പച്ചനെ കാണാനില്ല. ഉച്ചയോടെ മുംബെയിലെത്തിയ ഷിനു മക്കളെ വിവരം അറിയിച്ചു. വൈകാതെ മക്കളെല്ലാം മുംബൈയിലെത്തി പോലീസില്‍ പരാതിയും പ്രമുഖ പത്രങ്ങളില്‍ പരസ്യവും കൊടുത്ത് തിരച്ചില്‍ തുടങ്ങി.
എസ്.എം.എസ് മുഖേന സുവിശേഷ വചനങ്ങളും, വാര്‍ത്തകളും നല്‍കുന്ന ബ്രദര്‍ ഷിബു ചങ്ങനാശ്ശേരിയുടെ മന്നന്യൂസ് മുഖേന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മത്തായി അപ്പച്ചന് വേണ്‍ടി പ്രാര്‍ത്ഥിക്കുവാനുള്ള എസ്.എം.എസ് സന്ദേശം നല്‍കി. വിവിധ സ്ഥലങ്ങളിലുള്ള ശുശ്രൂഷകരുടെയും, വിശ്വാസികളുടെയും ശ്രദ്ധയേറിയ പ്രാര്‍ത്ഥനയുടെ ഫലമായ് 21 വ്യാഴാഴ്‌ച ഗോവ കടല്‍ തീരത്ത് വെച്ച് ഗോവ ബീച്ചിലെ ടൂറിസ്‌റ്റ് ഗൈഡ് മത്തായി അപ്പച്ചനെ കണ്‍ടെത്തി.
മുംബൈയിലെത്തിയെന്ന് വിചാരിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങിയ അപ്പച്ചന് ഗോവ സ്റ്റേഷനിലാണ് താന്‍ ഇറങ്ങിയതെന്ന് ഓര്‍മ്മക്കുറവ് മൂലം മനസ്സിലായില്ല. പിന്നീട് ഓര്‍മ്മ വന്നപ്പോള്‍ നാട്ടിലേക്ക് തിരിച്ച് വരുവാനായ് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. വഴിയരികിലെ കടത്തിണ്ണയില്‍ തണുപ്പത്ത് രണ്‍ടു ദിവസം കിടന്ന് ഏകദേശം 60 കിലോമീറ്റര്‍ നടന്നാണ് ഗോവ കടല്‍ത്തീരത്ത് എത്തിയത്. ഇടയ്‌ക്ക ഓര്‍മ്മ വരുമ്പോള്‍ സ്‌തോത്രം പറഞ്ഞ് നാട്ടിലേയ്‌ക്കുള്ള ലക്ഷ്യംവെച്ച് നടക്കുകയായിരുന്നു. ഗോവ കടല്‍ത്തീരത്ത് കൂടെ വെള്ള ഷര്‍ട്ടും, വെള്ള മുണ്‍ടുമുടുത്ത് നടന്ന വയോധികനെ ടൂറിസ്റ്റ് ഗൈഡ് തടഞ്ഞ് നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. നാട്ടിലെ ഫോണ്‍ നമ്പറിന്റെ അവസാന മൂന്ന് അക്കം ഓര്‍മ്മയിലുണ്‍ടായിരുന്ന അപ്പച്ചന്‍ ടൂറിസ്റ്റ് ഗൈഡിനോട് പറയുകയും അദ്ദേഹം തൊടുപുഴയിലുള്ള ഒരൂ ട്രാവല്‍ ഏജന്‍സിയെ വിവരം അറിയിക്കുകയും അവര്‍ തെന്മലയിലുള്ള വീട്ടില്‍ അറിയിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ് മുംബൈയില്‍ നിന്ന് മക്കള്‍ ഗോവയില്‍ എത്തി. കാണാതെ പോയ പിതാവിനെ ദൈവകൃപയാല്‍ കണ്‍ടെത്തിയ സന്തോഷത്താല്‍ അപ്പച്ചനും മക്കളും ആനന്ദ കണ്ണീരുമായ് തെന്‍മലയിലേക്ക് മടങ്ങി.