തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. സമാപന യോഗത്തിന് സാക്ഷ്യം വഹിക്കുവാനും കര്‍ത്തൃമേശയില്‍ പങ്കുകൊള്ളുവാനും വിദേശത്തുനിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തി. പാസ്റ്റര്‍ കെ.ടി. വര്‍ഗ്ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് സംയുക്ത സഭായോഗം ആരംഭിച്ചത്. പാസ്റ്റര്‍ ടി.എ. ജോര്‍ജ്ജ് സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. ഉദ്‌ഘാടന ദിവസത്തെപ്പോലെ സമാപനദിവസവും കാഹളം നീട്ടി ഊതിയത് വിശ്വാസികള്‍ക്ക് പുതിയ അനുഭവം ആയി.
ചര്‍ച്ച് ഓഫ് ഗോഡ് കേരള സീനിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി തിരുവത്താഴ ശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കി. കൗണ്‍സില്‍ അംഗങ്ങളായ സീനിയര്‍ പാസ്‌റ്റര്‍മാരും സഹശുശ്രൂഷകരായിരുന്നു. പാസ്റ്റര്‍ പി.ജി. മാത്യൂസ് മുഖ്യ പ്രഭാഷണ നടത്തി. "പുരാതന മഹത്വത്തിലേക്ക് മടക്കി വരുത്തേണമേ'' എന്നതായിരുന്നു കണ്‍വന്‍ഷന്റെ ചിന്താവിഷയം.
വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ഷോണ്‍ ടീല്‍, ലാഹി മേയ്‌ര്‍, പി.എ.വി. സാം, കെ.സി. ജോണ്‍, റ്റി.പി. ജോര്‍ജ്ജ്, തങ്കച്ചന്‍ സി. തോമസ്, പി.പി. കുര്യന്‍,. റ്റി.സി. ചാക്കോ, മോനി മാത്യു, സിസില്‍ മാത്യു, ജോണ്‍സ് മാത്തന്‍, പി.എ. ഏബ്രഹാം, പി.ആര്‍. ബേബി, പി.ജെ. ജെയിംസ്, പി.സി. ചെറിയാന്‍, പി.എന്‍. ഫിലിപ്പ്, മാത്യു.കെ. ഫിലിപ്പ്, എം. ജോണ്‍സണ്‍, ജി. അലക്‌സ്, സജി ജോര്‍ജ്ജ്, ഫിജോയ് ജോണ്‍സണ്‍, ഏബ്രഹാം തോമസ്, ഡോ. ജോണ്‍ ജോസഫ്, ഡോ. ജെസ്സി ജെയ്‌സണ്‍, റെജി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പണ്‍ടത്തെപ്പോലെ ഒരു കാലം ദൈവസഭയ്‌ക്ക് ആവശ്യം:
പാസ്റ്റര്‍ പി.ആര്‍. ബേബി
തിരുവല്ല: സമയം നോക്കാതെ ദൈവത്തെ ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്യുന്ന ഒരു നല്ലകാലം ദൈവസഭയ്‌ക്കു ഉണ്‍ടായിരുന്നുവെന്നും അതിലേക്ക് ദൈവസഭ മടങ്ങണമെന്നും പാസ്റ്റര്‍ പി.ആര്‍. ബേബി പറഞ്ഞു. 87-ാമത് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്റെ നാലാം ദിനം രാത്രി വചനം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബയോഗങ്ങളില്‍ പോലും ജനം രക്ഷിക്കപ്പെടുകയും മാനസാന്തരപ്പെടുകയും ചെയ്യുമായിരുന്നു. ഇന്ന് മഹായോഗങ്ങളില്‍ പോലും ജനം രക്ഷയുടെ അനുഭവത്തിലേക്ക് വരുന്നില്ല. ജനങ്ങള്‍ കൂട്ടമായി രക്ഷിക്കപ്പെടുവാന്‍ സഭകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും പുതിയ വേലസ്ഥലങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാന്‍ സുവിശേഷകര്‍ തയ്യാറാതണമെന്നും അദ്ദേഹം പറഞ്ഞു.
സമാപനവും മടങ്ങി വരുവിനായുള്ള കാഹള ധ്വനിയോടെ
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപനയോഗവും കാഹളം മുഴക്കിയാണ് ആരംഭിച്ചത്. വളരെ നീളം കൂടിയ ആട്ടിന്‍ കൊമ്പുകൊണ്‍ടുള്ള കാഹളം നീട്ടി ഊതി വിശ്വാസികള്‍ക്കും ശുശ്രൂഷകര്‍ക്കും ഇത് പുതിയ അനുഭവമായിരുന്നു.
സമാപന ദിവസം പാസ്റ്റര്‍ ടി.എസ്. ഏബ്രഹാമും എത്തി
തിരുവല്ല : ചര്‍ച്ച് ഓഫ് ഗോഡ് 87-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന ദിവസത്തില്‍ ഐപിസി സീനിയര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ടി.എസ്. ഏബ്രഹാമും എത്തി. ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയും സീനിയര്‍ ശുശ്രൂഷകരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിതാക്കന്‍മാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നഷ്‌ടപ്പെടുത്തുവാന്‍ പലരും ശ്രമിക്കുമ്പോള്‍ പെന്റക്കൊസ്റ്റിന്റെ പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ടി.എസ്. ഏബ്രഹാം അപ്പച്ചന്‍ എന്ന് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ദൈവസഭ ആദിമ മഹത്വത്തിലേക്ക് മടങ്ങിവരണം: പാസ്റ്റര്‍ എം. കുഞ്ഞപ്പി
തിരുവല്ല: ആദിമ സ്‌നേഹത്തിലേക്കും ആദിമ വിശുദ്ധിയിലേക്കും ഐക്യതയിലേക്കും ദൈവസഭ മടങ്ങിവരണമെന്ന് ചര്‍ച്ച് ഓഫ് പാസ്റ്റര്‍ എം. കുഞ്ഞപ്പി പറഞ്ഞു. 87-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് പ്രയാസങ്ങളില്‍ കൂടിയാണ് ദൈവസഭ വളര്‍ന്നത്. ഇന്ന് ആളുകൂടാന്‍ ആരാധനകളിലും മോഡേണിസം കടന്നു കൂടിയിട്ടുണ്‍ട്. ദൈവത്തിന് ആവശ്യം ആള്‍കൂട്ടത്തെയല്ല. ദൈവീക പ്രമാണത്തില്‍ നാം ഉറച്ചു നില്‍ക്കേണം. ദൈവസ്‌നേഹം കുറഞ്ഞു വരുന്നതാണ് പിന്‍മാറ്റത്തിന്റെ ആരംഭം. ആദിമ സ്‌നേഹം നമ്മില്‍ നിലനില്‍ക്കുന്നുണ്‍ടോ എന്ന് നാം ചിന്തിക്കേണം. പിതാക്കന്‍മാര്‍ പിന്‍തുടര്‍ന്ന പ്രമാണം നാം ഉയര്‍ത്തിപ്പിടിച്ച് പുരാതനമായ വിശുദ്ധിയിലേക്കും ഐക്യതയിലേക്കും ദൈവസഭ മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ദൈവീക സന്ദര്‍ശനത്തിനായി ഒരുക്കപ്പെടുക:
ഡോ. ജോണ്‍ സാമുവേല്‍
തിരുവല്ല: പെന്റക്കൊസ്റ്റിന്റെ ആദ്യ നൂറ്റാണ്‍ടില്‍ ആരും ശ്രദ്ധിക്കാനില്ലാത്തപ്പോള്‍ നാം പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുമായിരുന്നെങ്കിലും ശുശ്രൂഷയ്‌ക്കു തിരക്കു കൂടിയപ്പോള്‍ ദൈവസന്നിധിയില്‍ ഇരിക്കുവാന്‍ വേണ്‍ട വിധത്തില്‍ സമയം കണ്‍ടെത്താറില്ലെന്ന് ഡോ. ജോണ്‍ സാമുവേല്‍ പറഞ്ഞു. 87-ാമത് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്റെ രണ്‍ടാം ദിനം രാത്രിയില്‍ വചനം സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഇടിഞ്ഞുകിടക്കുന്ന യാഗപീഠങ്ങളെ നാം തന്നെ പണിയേണം. ഒരു നിര്‍മ്മല കന്യകയെ കര്‍ത്താവ് ഒരുക്കിക്കൊണ്‍ടിരിക്കുന്നു. പുതിയ തലമുറയ്‌ക്ക് ഒരു ദൈവീക സന്ദര്‍ശനവും യഥാര്‍ത്ഥ മാനസാന്തരവും ആവശ്യമാണ്. ഈ തലമുറയെ ദൈവത്തിനായി ഒരുക്കി എടുത്തില്ലെങ്കില്‍ ദൈവം മറ്റൊരു തലമുറയെ തിരഞ്ഞെടുക്കം. തിരുവചനത്തിന്റെ രേഖയാണ് അത്.
പ്രാര്‍ത്ഥിക്കുന്ന ദൈവദാസന്മാര്‍ ഈ കാലഘട്ടത്തിന് ആവശ്യം: പാസ്റ്റര്‍ പി.സി. ചെറിയാന്‍
തിരുവല്ല: പാപത്തില്‍ കഴിയുന്ന സമൂഹത്തിന്റെ തകര്‍ച്ച ഓര്‍ത്ത് നിലവിളിക്കുവാനും പ്രാര്‍ത്ഥിക്കുവാനും കഴിയുന്ന ദൈവദാസന്‍മാരെയാണ് ഈ കാലഘട്ടത്തിന് ആവശ്യമെന്ന് പാസ്റ്റര്‍ പി.സി. ചെറിയാന്‍ പറഞ്ഞു. 87-ാമത് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്റെ രണ്‍ടാം ദിവസം വചനം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്‍ടില്‍ കേരളത്തില്‍ പെന്റക്കൊസ്റ്റിന്റെ അഗ്നി ആളിക്കത്തി. എന്നാല്‍ 21-ാം നൂറ്റാണ്‍ടായപ്പോള്‍ ആദ്യകാലത്തെ വിശുദ്ധിയും ദൈവസ്‌നേഹവും അഭിഷേകവുമൊക്കെ ദൈവസഭ നഷ്‌ടപ്പെടുത്തി. നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആ അനുഭവം മടക്കി വാങ്ങുവാന്‍ നമുക്കു കഴിയും. നമ്മുടെ ആത്‌മീയ യാത്രയില്‍ പല ഭൗതിക നേട്ടങ്ങളും ഉണ്‍ടായി. എന്നാല്‍ അതൊന്നും നമ്മെ അക്കരെ എത്തിക്കില്ല. യാക്കോബിന് യാബോക്കിന്റെ അടുത്തു വന്നപ്പോള്‍ തന്റെ ഭൗതിക നേട്ടങ്ങള്‍ ഒന്നും അക്കരെ എത്തിക്കുന്നതല്ലെന്ന് മനസിലായി. മുട്ടുമടക്കുവാന്‍, പ്രാര്‍ത്ഥിക്കുവാന്‍, നിലവിളിക്കുവാന്‍ നാം തയ്യാറായാല്‍ ആദ്യ കാലത്തിലെ ആത്മീയ അനുഭവം മടക്കിത്തരുവാന്‍ ദൈവം മതിയായവനാണ്.
ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കി
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈപിഇ തിരുവല്ല സോണ്‍ ബൈബിള്‍ വാക്യങ്ങള്‍ ആലേഖനം ചെയ്‌ത ടീഷര്‍ട്ടുകള്‍ പുറത്തിറക്കി. ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി പാസ്റ്റര്‍ എ.ടി. ജോസഫിന് ആദ്യ ടീഷര്‍ട്ട് കൊടുത്തുകൊണ്‍ട് വിതരണ ഉദ്‌ഘാടനം ചെയ്‌തു. 150 രൂപയാണ് ടീ ഷര്‍ട്ടിന്റെ വില.
ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ആരംഭിച്ചു
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍
പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്‌ഘാടനം ചെയ്‌തു. അസിസ്റ്റന്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ എം.ഒ. ഏലിയാസിന്റെ പ്രാരംഭപ്രാര്‍ത്ഥനയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍ സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. കൗണ്‍സില്‍ ഡയറക്‌ടര്‍ റ്റി.എ. ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു.
"പുരാതന മഹത്വത്തിലേക്ക് ഞങ്ങളെ മടക്കി വരുത്തെണമേ" എന്നതാണ് കണ്‍വന്‍ഷന്റെ ചിന്താവിഷയം. കണ്‍വന്‍ഷന്‍ ഗീതങ്ങളുടെയും `പണ്‍ടത്തെപ്പോലൊരു നല്ലകാലം`, `പെന്റക്കൊസ്റ്റു നാളില്‍` എന്നീ സിഡികളുടെ പ്രകാശനവും പാസ്റ്റര്‍ എം. കുഞ്ഞപ്പി നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് ബിഗ്‌മൂവ് ക്വയര്‍ ടീമും ക്രൈസ്റ്റ് സിംഗേഴ്‌സ് സാംസണ്‍ ചെങ്ങന്നൂര്‍, ഭക്തവത്സലന്‍, മാത്യു ജോണ്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.
പാസ്റ്റര്‍ ഷോണ്‍ ടീലാണ് കണ്‍വന്‍ഷന്റെ മുഖ്യ പ്രസംഗകന്‍. കൂടാതെ പാസ്റ്റര്‍മാരായ ഹറോള്‍ഡ് മക്ലോഡ്, ഡെന്നീസ് ഹെപ്‌നര്‍, സ്‌കോട്‌റി റെയ്‌ന്‍സ്, പിഎ.വി. സാം, പി.ആര്‍. ബേബി, പി.ഐ. ഏബ്രഹാം, ജോസഫ് ശാമുവേല്‍, ലാനിമിയര്‍, ജോണ്‍സ് മാത്തന്‍, സിസില്‍ മാത്യു, ജോണ്‍ ജോസഫ്, പി.പി. കുര്യന്‍, ഫിജോയ് ജോണ്‍സണ്‍, തങ്കച്ചന്‍ സി. തോമസ്, റ്റി.സി. ചാക്കോ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
എല്ലാ ദിവസവും രാവിലെ 8 മുതല്‍ ധ്യാനയോഗങ്ങള്‍, ബൈബിള്‍ ക്ലാസ്സുകള്‍, ബൈബിള്‍ കോളേജ് പ്രോഗ്രാം, മിഷനറി പ്രോഗ്രാം, സ്‌നാനം തുടങ്ങിയ ശുശ്രൂഷകള്‍ വിവിധ ദിവസങ്ങളില്‍ നടക്കും. 24 ന് സഭാ യോഗത്തോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും. യോഗാനന്തരം വാഹന സൗകര്യവും ഭക്ഷണ സൗകര്യവും ക്രമീകരിച്ചിട്ടുണ്‍ട്. കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തിലേക്ക് തിരിയുന്ന രാമന്‍ചിറയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന് താല്‌കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്‍ട്.
ദൈവസഭയ്‌ക്ക് മടങ്ങിവരവ് ആവശ്യം: പാസ്റ്റര്‍ എം. കുഞ്ഞപ്പി
തിരുവല്ല: പുരാതന മഹത്വത്തിലേക്ക് ദൈവജനം മടങ്ങിവരണമെന്നും, പിതാക്കന്‍മാര്‍ ഉയര്‍ത്തിയ ശ്രേഷ്‌ഠമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലേക്ക് തിരികെ വരണമെന്നും ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി പറഞ്ഞു. 87-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്റക്കൊസ്റ്റിന്റെ ആദ്യകാല അനുഭവത്തിലേക്ക് മടങ്ങണം. പണ്‍ട് ഒരു രോഗി വീട്ടില്‍ ഉണ്‍ടായിരുന്നുവെങ്കില്‍ വിടുതല്‍ ലഭിക്കുന്ന സമയം വരെയും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് സഭകളില്‍ നിന്ന് ആ അനുഭവം എല്ലാം പോയി. ആ കാഴ്‌ചപ്പാടിലേക്ക് നാം മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കാഹള നാദത്തോടെ കണ്‍വന്‍ഷന് തുടക്കം
തിരുവല്ല: 87-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചത് കാഹള നാദത്തോടെയാണ്. ഓവര്‍സിയറിന്റെ ഉദ്‌ഘാടനത്തിനു ശേഷം ആട്ടിന്‍ കൊമ്പിലൂടെ കാഹളം നീട്ടി ഊതി. യിസ്രയേല്‍ മക്കള്‍ കൂടിവരുമ്പോള്‍ അവര്‍ കാഹളം ഊതാറുണ്‍ടായിരുന്നു എന്ന ഓവര്‍സിയറുടെ ഓര്‍മ്മപ്പെടുത്തലിനുശേഷമായിരുന്നു കാഹളം മുഴക്കിയത്. സദസ്സിലുണ്‍ടായിരുന്ന പലര്‍ക്കും ഇത് പുതിയ അനുഭവമായി.